അരയന്ന ഇലകൾ
ഉണങ്ങിയ കുഞ്ഞു ഇലകൾ പൊഴിഞ്ഞുകൊണ്ടിരുന്നു. വാർദ്ധക്യം ബാധിച്ചവയാണ് കൊഴിയുന്നതെന്ന സത്യത്തിന്റെ ഓർമ്മപെടുത്തലിൽ അവ കടലാസു വള്ളങ്ങളെയും അരയന്നങ്ങളുടെ ആകാരതയെയും നൊസ്റ്റാൾജിയ ഉണർത്തി പുഴയിൽ നീന്താൻ തുടങ്ങുന്നത് ഒരു പഴയ എൽ .പി സ്കൂൾ കുട്ടിയെപോലെ ഞാൻ ആസ്വദിച്ചു. ആ ആസ്വാദനത്തിന് ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് നൊസ്റ്റാൾജിയ കിട്ടത്തക്കവിധത്തിൽ വിരൽ മൊബൈലിലെ പ്ലയ്ലിസ്റ്റിൽ പരതുന്ന നേരം ഞാൻ നോക്കി വെച്ചിരുന്ന ഒന്നുരണ്ടു കുഞ്ഞു ഇലകൾ എന്റെ ഇളിഭ്യനാക്കി എവിടെയോ ഒഴുകിപോയി. ആ നിരാശയിൽ കഴുത്ത് ഇടത്തോട്ട് ചെരിച്ചപ്പോൾ പല്ലിളിച്ചുകാട്ടി സൂര്യൻ തന്റെ പരിഹാസം രേഖപെടുത്തി. വീണ്ടും ഒരു 'ശശി' ആയ അനുഭവം.വല്ലാത്ത ഒരു നിരാശ. ആ രണ്ടു കുഞ്ഞു അരയന്ന ഇലകളും കൂടെ എന്നെ പല്ലിളിച്ചുകാട്ടി പരിഹസിച്ച സൂര്യനും. ഉണങ്ങികിടന്ന ആ മരച്ചില്ലയിൽ വീണിട്ടും സ്പൈടെർമാൻ രക്ഷിച്ച നായികയെപോലെ മാറാലയിൽ തൂങ്ങികിടന്നിരുന്ന അടുത്ത ഒരു കുഞ്ഞു ഇലയിൽ പ്രതീക്ഷയും നട്ട് കാത്തിരിപ്പുതുടങ്ങിയപ്പോഴാണ് ഒരു വലിയ ഭീകര നഗ്നന സത്യം എനിക്ക് ബോധ്യമായത്.എന്നെ കബളിപിച്ചു എന്ന് ഞാൻ ധരിച്ച ആ അരയന്ന ഇലകൾ സത്യത്തിൽ കായലിന്റെ ഹൃദയത്തെ പങ്കച്ചക്രത്താൽ കീറിമുറിച്ചു കൃത്രിമ ഓളങ്ങൾ സൃഷ്ടിച്ച് വിനോദത്തിന്റെ ഓളങ്ങൾ ബെധിച്ചുകൊണ്ടിരുന്ന ബോട്ടിന്റെ രക്തസാക്ഷികൾ ആയിമാറുകയായിരുന്നു. പതിവുപോലെ വീണ്ടും യാന്ത്രിക സംസ്കാരതോട് വല്ലാത്ത ഒരു അമർഷവും ദേഷ്യവും അനുഭവപെട്ടു. കൃത്രിമ ഓളങ്ങളിൽപെട്ട് രണ്ടാം ജന്മവും ത്യജിച്ചു അരയന്ന ഇലകളുടെ ജഡങ്ങൾ കായലിന്റെ ഓരത്ത് വിറങ്ങലിച്ചു ഒഴുകികൊണ്ടിരുന്നു. അപ്പോഴും ഉണങ്ങിയ ആ ചില്ലയിൽ ആദ്യജന്മത്തിനും രണ്ടാം ജന്മത്തിനും ഇടയിൽ ആ കുഞ്ഞു അരയന്ന ഇല മാറാലയിൽ ആടിക്കൊണ്ടിരുന്നു...

No comments:
Post a Comment